കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുംബ ക്ഷേത്രത്തിലെ താലിപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കലശംവരവിനിടെ സംഘർഷം. ബിജെപി പ്രവർത്തകരുടെ കലശംവരവ് സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.
സംഘർഷത്തിനിടെയുണ്ടായ കല്ലേറിലും തിക്കിലും തിരക്കിലുംപെട്ട് പത്തോളം പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് ബിജെപി-സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വന്ന കലശംവരവ് ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽവച്ചു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. പുലർച്ചെ 3.30 വരെ കലശം തടഞ്ഞു വച്ചു. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ കല്ലേറും നടന്നു. ഇതിനിടെ, സംഘർഷത്തിൽ പോലീസ് ഇടപെടുകയും ലാത്തി വീശുകയും ചെയ്തു.
സിപിഎം-ബിജെപി പ്രവർത്തകരുടെ പേരിൽ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സംഘർഷത്തെത്തുടർന്ന് പുലർച്ചെ രണ്ടിന് എത്തേണ്ട നടാൽ കാഴ്ച കമ്മിറ്റിയുടെ ഘോഷയാത്ര പുലർച്ചെ 6.30 നാണ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നത്. സമാപന വെടിക്കെട്ട് രാവിലെ 7.30നാണ് നടന്നത്.